കുന്നുകര: ലഹരിക്കടിമപ്പെട്ട യുവാവിന്റെ പരാക്രമത്തിൽ കർഷകന് വൻ നഷ്ടം. വാഴകളും മറ്റ് വിളകളും, കൃഷി സംവിധാനങ്ങളും യുവാവ് വെട്ടി നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മട്ടപ്പുറം സ്വദേശി സനൂപ് ചന്ദ്രനെ (25) പ്രതിയാക്കി ചെങ്ങമനാട് പൊലീസ് കേസ് എടുത്തു.

കുന്നുകര വയൽകരയിലെ പരമ്പരാഗത കർഷകനായ കത്തനാരു പള്ളത്ത് കെ.കെ. വേലായുധന്റെ കൃഷിയിടത്തിലെ 200ഓളം റോബസ്റ്റ് വാഴക്കുലകളും കൃഷിക്കുപയോഗിച്ചിരുന്ന 100 ഓളം പി.വി.സി പൈപ്പുകളുമാണ് നശിപ്പിച്ചത്.
ഏഴ് ലക്ഷത്തോളം രൂപ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് രാപ്പകൽ വിശ്രമമില്ലാതെ നടത്തിവന്ന കൃഷിയാണ് നശിപ്പിച്ചത്. 400 ഓളം വാഴകളാണ് കൃഷി ചെയ്തിരുന്നത്. ലഹരിക്കടിപ്പെട്ട യുവാവാണ് കൃത്യം ചെയ്തതെന്നാണ് പരാതി.
മേഖലയിൽ കൃഷികളും, കാർഷിക വിളകളും നശിപ്പിക്കുന്നത് വ്യാപകമായിരിക്കുകയാണെന്നും, കൃത്യം ചെയ്തവരെ കണ്ടെത്തി കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബുവും സ്ഥിരം സമിതി അധ്യക്ഷൻ ഷിബി പുതുശ്ശേരിയും ആവശ്യപ്പെട്ടു.



