മരട് : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കുണ്ടന്നൂർ മുതൽ മിനി ബൈപാസ് വരെ നവീകരണത്തിന്റെ പേരിൽ നാട്ടുകാർക്ക് ദുരിതയാത്ര. കട്ട വിരിക്കലാണ് നടക്കുന്നത്. മഴ തുടങ്ങിയതോടെ പണി നിലച്ചു. ടൈലും ടാറും കൂടിച്ചേരുന്ന ഭാഗങ്ങൾ യോജിപ്പിക്കാത്തതിനാൽ വലിയ കുഴികളാണ്. ഇരുചക്ര വാഹനങ്ങൾ പതിവായി മറിഞ്ഞു വീഴുന്നു.
പാതയോരം പലയിടത്തും ഇനിയും ബലപ്പെടുത്തിയിട്ടില്ല. റോഡിൽ വിരിക്കാൻ പാതയോരത്ത് ഇറക്കിയ ടൈലുകൾ മതിൽപോലെ അതേ ഇരിപ്പാണ്.
വെളിച്ചക്കുറവുള്ള ഭാഗത്ത് ഇത്തരം ടൈലുകൾ അപകട ഭീഷണി ഉയർത്തുന്നു.ന്യൂക്ലിയസ് മാളിനു സമീപം കട്ട വിരിക്കാൻ 20 മീറ്റർ കുത്തിപ്പൊളിച്ചിട്ടത് പൂർത്തിയായില്ല. ടൈൽ ഇട്ടു വന്നപ്പോൾ ഉയരവ്യത്യാസം വന്നതാണു കാരണം. ടൈലുകൾ ഇളകി ഒരടിയിലേറെ ആഴമുള്ള കുഴി തോട് പോലെയായി.
മെറ്റലിട്ടെങ്കിലും അതെല്ലാം മഴയിൽ ഒഴുകിപ്പോയി. മഴ പെയ്താൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദേശീയപാത ഇടപ്പള്ളി ഡിവിഷന്റെ മേൽനോട്ടത്തിലാണ് നവീകരണജോലി നടക്കുന്നത്. പണി ഇഴയുന്നതിനോട് പ്രതികരിക്കാൻ അധികൃതർ തയാറായില്ല.




