ആലുവ: രാജ്യത്ത് ശീതീകരിച്ച ജൈവമാലിന്യ സംസ്കരണ ബൂത്ത് ആദ്യമായി സ്ഥാപിച്ച് ആലുവ നഗരസഭ. ബാങ്ക് എ.ടി.എം കൗണ്ടർ മാതൃകയിൽ ആലുവ ടൗൺഹാളിന് മുമ്പിലാണ് സ്വകാര്യസ്ഥാപനം 20 ലക്ഷം രൂപ മുടക്കി മാലിന്യസംസ്കരണ സംവിധാനം ഒരുക്കിയത്. എടയാർ റോബോബിൻ എൻവിറോ ടെക് ആണ് നഗരസഭക്ക് പണച്ചെലവില്ലാതെ പദ്ധതി നടപ്പാക്കുന്നത്. മാത്രമല്ല വരുമാനത്തിന്റെ 30 ശതമാനം നഗരസഭക്ക് ലഭിക്കുകയും ചെയ്യും.
സ്വകാര്യ ബസ് സ്റ്റാൻഡ്, തോട്ടക്കാട്ടുകര മാർക്കറ്റ് എന്നിവിടങ്ങളിലും ബൂത്തുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരുകിലോ ജൈവ മാലിന്യം നിക്ഷേപിക്കുന്നതിന് ഏഴ് രൂപയാണ് നിരക്ക്. ദിവസം ഏഴ് ടൺ മാലിന്യം വരെ നിക്ഷേപിക്കാം.
മാലിന്യസംസ്കരണത്തിന് ശേഷം ലഭിക്കുന്ന ബയോഗ്യാസ് ബി.പി.സി.എല്ലിനും എണ്ണയുടെ അംശം അടങ്ങിയവ ബയോ ഡീസൽ ആക്കുന്നതിന് എടയാറിലെ സ്വകാര്യ ഏജൻസിക്കും കൈമാറും. വളവും എടയാറിലെ കമ്പനിക്ക് നൽകും.



