കളമശ്ശേരി: എടയാർ വ്യവസായ മേഖലയിൽനിന്നുള്ള പുകയും ദുർഗന്ധവും മൂലം പൊറുതിമുട്ടി ഏലൂർ ജനത. സന്ധ്യയായാൽ വീടിനകത്തുപോലും കഴിയാൻ പറ്റാത്ത അവസ്ഥയാണ്.

പാതാളം മുതൽ ഏലൂർ വെട്ടുകടവ് വരെയുള്ള ജനങ്ങളാണ് ദുരിതം ഏറെ അനുഭവിക്കുന്നത്. വൈകീട്ട് തുടങ്ങിയാൽ പുലർച്ച വരെ ഉണ്ടാകും ദുർഗന്ധവും പുകയും. വർഷങ്ങളായി തുടരുന്ന ഈ അവസ്ഥക്ക് പരിഹാരം ഇന്നും അകലെയെന്നാണ് നാട്ടുകാരുടെ പരാതി.
പുകയും ദുർഗന്ധവും പാതാളം മേഖലയിലെ ജനങ്ങളുടെ സമാധാന ജീവിതം തകർക്കുകയാണെന്നാണ് അവിടത്തുകാരുടെ പരാതി. ചില സമയങ്ങളിൽ വീടിനു പുറത്തിറങ്ങാൻ കഴിയില്ലെന്ന പരാതി കൗൺസിലർമാരും പറയുന്നു.
പാതാളം മേഖലയിൽനിന്ന് മാറിത്താമസിക്കാൻ ജനങ്ങൾ നിർബന്ധിതരാവുകയാണെന്ന ആക്ഷേപം കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഉയർന്നു.
ഉച്ചക്കുശേഷം വീടിന്റെ ജനലുകളും വാതിലുകളും അടച്ചിട്ടിരിക്കേണ്ട അവസ്ഥയാണെന്ന വിമർശനവും ഉയർന്നു.
പുകയും ദുർഗന്ധവും കാരണം നഗരസഭ പ്രദേശത്ത് ജീവിക്കാൻ ബുദ്ധിമുട്ടാണെന്നു കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. മലിനീകരണ നിയന്ത്രണ ബോർഡിൽ (പി.സി.ബി) പരാതി പറഞ്ഞു മടുത്തുവെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ മെനക്കെടുന്നില്ല.



