നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട. കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നാണ് ആറു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തത്. ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ ആറു കോടി രൂപ വില വരുമെന്നാണ് പ്രാഥമിക വിവരം.
സിംഗപൂർ എയർലൈൻസിൽ ബാങ്കോക്കിൽ നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാൻ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾ ഫാഷൻ ഡിസൈനർ ആണെന്ന് പറയപ്പെടുന്നു. ഇയാളുടെ ചെക്കിൻ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ മാർച്ചിൽ ബാങ്കോക്കിൽ നിന്നെത്തിയ യുവതികളിൽ നിന്ന് 15 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയിരുന്നു. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി മാൻവി ചൗധരി, ഡൽഹി സ്വദേശി സ്വാതി ചിബ്ബാർ എന്നിവരാണ് അന്ന് പിടിയിലായത്.
മേക്കപ്പ് ആർട്ടിസ്റ്റായ സ്വാതിയും മോഡലായ മാൻവിയും കൂടി മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഏഴര കിലോ വീതം കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണ പൊതിഞ്ഞാണ് ഇരുവരും കൈവശം വെച്ചത്. സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.



