പറവൂർ: 265 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. പള്ളിപ്പുറത്ത് താമസിക്കുന്ന മണ്ണുത്തി മുളയം തൃക്കുകാരൻ വീട്ടിൽ ജിതിൻ ജോസഫ് (28), പള്ളിപ്പുറം കോലോത്തുംകടവ് തെക്കേടത്ത് വീട്ടിൽ ഗൗതം കൃഷ്ണ (22),
കോലോത്തുംകടവ് മണ്ണുംതറ സുമിത്ത് (27) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും വടക്കേക്കര പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ല റൂറൽ പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബംഗളുരുവിൽനിന്നാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്. തൃശൂരിൽ ട്രെയിനിറങ്ങി ഓട്ടോറിക്ഷയിലാണ് പറവൂർ ഭാഗത്തേക്ക് എത്തിയത്. പൊലീസ് പിടിക്കാതിരിക്കാൻ ഊടുവഴികളിലൂടെയായിരുന്നു യാത്ര.
മൂത്തകുന്നം പാലത്തിൽ വെച്ചണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രത്യേകം കവറിൽ പാക്ക് ചെയ്താണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.പിടികൂടിയ ഹാഷിഷ് ഓയിൽ ഗ്രാമിന് 5000 രൂപ വില വരും. ഇവരിൽനിന്ന് ലഹരി വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.



