നെടുമ്പാശ്ശേരി: കൊച്ചിയുടെ വികസനസ്വപ്നങ്ങൾക്ക് പുതിയ ഉണർവ് പകർന്ന് നെടുമ്പാശ്ശേരിയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള നിർദിഷ്ട റെയിൽവേ സ്റ്റേഷൻ നിർമാണത്തിന്റെ പ്രാഥമിക നടപടികളിലേക്ക് ദക്ഷിണ റെയിൽവേ കടക്കുന്നു.

സ്ഥലപരിശോധന ഡിസംബറിൽ നടത്തുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി ബെന്നി ബഹനാൻ എം.പി പറഞ്ഞു. എന്നാൽ, ഇത് സംബന്ധിച്ച് തങ്ങൾക്ക് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നാണ് വിമാനത്താവള കമ്പനി അധികൃതർ വ്യക്തമാക്കിയത്.
2010ൽ ഇ. അഹമ്മദ് റെയിൽവേ സഹമന്ത്രിയായിരുന്നപ്പോഴാണ് നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷന് തറക്കല്ലിട്ടത്. അന്ന് റെയിൽവേ സ്റ്റേഷൻ നിർമിച്ചു നൽകാൻ സിയാൽ സന്നദ്ധത അറിയിച്ചിരുന്നു.
നിലവിൽ വിവിധയിടങ്ങളിൽനിന്ന് ട്രെയിൻ മാർഗം എത്തുന്നവർ അങ്കമാലിയിലോ ആലുവയിലോ ട്രെയിനിറങ്ങി അവിടെ നിന്ന് റോഡ് മാർഗമാണ് നെടുമ്പാശ്ശേരിയിൽ എത്തുന്നത്. നെടുമ്പാശ്ശേരിയിൽ സ്റ്റേഷൻ യാഥാർഥ്യമായാൽ അവിടെ നിന്ന് വിമാനത്താവളത്തിലേക്ക് സിയാൽ തന്നെ ബസ് സർവിസും ആരംഭിച്ചേക്കും.



