കൊച്ചി: നഗരത്തിന്റെ പലഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഭക്ഷണത്തിനും മരുന്നിനുള്ള പണത്തിനുമായി കഷ്ടപ്പെടുകയാണ് ഗുജറാത്തിയായ വിജയ് കുമാർ ഭവൻജി (55) എന്ന മധ്യവയസ്കൻ. മലയാളം, ഗുജറാത്തി, കച്ച്, മറാത്തി തുടങ്ങി ഏഴോളം ഭാഷകൾ സംസാരിക്കുന്ന ഇദ്ദേഹത്തിന് മുംബൈയിൽ ഭാര്യയും രണ്ട് മക്കളും ഉള്ളതായും പറയുന്നു.

എന്നാൽ, കുടുംബവും ബന്ധുക്കളും ഉപേക്ഷിച്ച ഇയാൾ 15 വർഷമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കഴിയുന്നത്. വിവിധ സന്നദ്ധ സംഘടനകളും ആരാധനാലയങ്ങളും നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അപകടത്തിൽ കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ആഴ്ചയിൽ 700 രൂപയോളം വില വരുന്ന മരുന്നും കഴിക്കണം. ആരോടും കൈ നീട്ടാറും ഇല്ല.



