ചെങ്ങമനാട്: അനേകങ്ങൾക്ക് അറിവിന്റേയും ഉയർച്ചയുടെയും വഴിതെളിച്ച ചെങ്ങമനാട് ഗവ. എൽ.പി സ്കൂൾ ഗ്രാമത്തിന്റെ അഭിമാനമാണ്. 113 വർഷം പിന്നിട്ട ഈ സ്കൂൾ നെടുമ്പാശ്ശേരി അത്താണി – പറവൂർ റോഡിൽ ചെങ്ങമനാട് മുനിക്കൽ ഗുഹാലയ ക്ഷേത്രത്തിന് സമീപം ആധുനിക സൗകര്യങ്ങളുമായി നിലകൊള്ളുന്നു.

രാജാക്കന്മാരുടെയും സാമൂതിരിമാരുടെയും ചേരമാൻ പെരുമാളിന്റെയും മറ്റും ക്ഷണപ്രകാരം പട്ടുവസ്ത്രങ്ങളും കൈത്തറി വസ്ത്രങ്ങളും നിർമിക്കാൻ കേരളത്തിലെത്തിയ പട്ടാര്യർമാരിൽ ചെങ്ങമനാട് കേന്ദ്രീകരിച്ചവർ ചേർന്ന് 1924ൽ ‘കേരള പട്ടാര്യ സമാജം’ രൂപവത്കരിച്ചു. ഇതിലെ അംഗങ്ങളിൽ പലരും ചെങ്ങമനാട് മേഖലയിലെ സാമൂഹിക, സാംസ്കാരിക, ആരോഗ്യ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും സൗജന്യമായി ഭൂമി നൽകിയിട്ടുണ്ട്.
1911ൽ വടക്കേടത്ത് ശങ്കരപിള്ള സ്വന്തം പുരയിടത്തോട് ചേർന്ന് വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഓല ഷെഡ് കെട്ടി കുടിപ്പള്ളിക്കൂടം ആരംഭിക്കുകയായിരുന്നു. അക്കാലത്ത് വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ ഇടക്കിടെ ചെങ്ങമനാട് വന്ന് ഭജനയിരിക്കാറുണ്ടായിരുന്നു. ശങ്കരപിള്ളയും ചട്ടമ്പിസ്വാമിയും തമ്മിൽ നല്ല സൗഹൃദം. അദ്ദേഹം ശങ്കരപിള്ളയെ തിരുവനന്തപുരത്ത് കൊണ്ടുപോയി രാജാവിന്റെ കൈയിൽ നിന്ന് സ്കൂളിന് അംഗീകാരം നേടിയെടുത്തു. അങ്ങനെ 1912ൽ ചെങ്ങമനാട് ഗവ. എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.



