മൂവാറ്റുപുഴ: നഗരത്തിലെ ലതാ പാലത്തിൽ രൂപപ്പെട്ട വൻ കുഴികൾ അടച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ. അപകടങ്ങളും കുരുക്കും രൂക്ഷമായതോടെയാണ് അവർ രംഗത്തിറങ്ങിയത്. തിരക്കേറിയ മൂവാറ്റുപുഴ – തൊടുപുഴ റോഡിലെ പാലത്തിൽ രൂപപ്പെട്ട കുഴികൾ ദുരിതം വിതക്കാൻ തുടങ്ങിയിട്ട് നാളുകളായി.
റോഡ് വികസനം നടക്കുന്ന പട്ടണത്തിലെ ലതാ, കച്ചേരിത്താഴം പാലങ്ങളിൽ രൂപപ്പെട്ട കുഴികൾ ദുരിതമായതോടെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും പരാതി ഉന്നയിച്ചെങ്കിലും അധികൃതർ നടപടിയെടുത്തില്ല. കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കുമ്പോൾ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്.
പാലത്തിൽ നിറയെ കുഴികളാണ്. ഒരു മാസം മുമ്പ് പാലത്തിലെ വൻ കുഴിയിൽ തെങ്ങ് നട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അന്ന് പൊതുമരാമത്ത് വകുപ്പ് താൽക്കാലികമായി കുഴി അടച്ചു. ഇതിന് തൊട്ടടുത്താണ് വീണ്ടും വലിയ കുഴി രൂപപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നത്.

ജനപ്രതിനിധികളടക്കം ആരും പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ മുന്നിട്ടിറങ്ങിയത്. ട്രാഫിക് പൊലീസിന്റെ അനുമതിയോടെ പാലത്തിലൂടെ ഗതാഗതം കുറച്ച് നേരം നിർത്തിവെച്ചാണ് വി.ജി. വേണു, ദിലീപ് സത്യ, സജി, അലി സാലിഹ് തുടങ്ങി ഇരുപതോളം ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് വാഹനങ്ങളിൽ സാമഗ്രഹികൾ എത്തിച്ച് കുഴികൾ അടച്ചത്. കച്ചേരിത്താഴത്തുള്ള പാലത്തിലും നിറയെ കുഴികളാണ്.



