ആലുവ: മേഖലയിൽ പകർച്ചപ്പനികൾ പടരുന്നു. പന്നിപ്പനിയും ഡെങ്കിയടക്കമുള്ള മറ്റു പനികളും മഞ്ഞപ്പിത്തവും വയറിളക്കവും പലഭാഗങ്ങളിലും വ്യാപകമായിട്ടുണ്ട്. പകർച്ചപ്പനിയായ ഇൻഫ്ലുവൻസ-എയും സമീപകാലത്തായി കണ്ടുവരുന്നുണ്ട്.
ഇതിന്റെ വകഭേദങ്ങളായ എച്ച് വൺ എൻ വൺ, എച്ച് ത്രീ എൻ ടു എന്നിവയും പടരുന്നു. പന്നിപ്പനിയെന്ന എച്ച് വൺ എൻ വൺ കോളജ് വിദ്യാർഥികളിലാണ് സമീപനാളുകളിൽ കൂടുതലായി കണ്ടുവരുന്നത്. ഹോസ്റ്റലുകളിൽ നിന്നാണ് ഇവ കൂടുതലായും പടർന്നതെന്നാണ് കണക്കാക്കുന്നത്.
പന്നിപ്പനി വ്യാപനത്തെതുടർന്ന് ആലുവ യു.സി കോളജ്, ചുണ്ടിയിലെ ഭാരതമാത ലോ കോളജ്, ആർട്സ് കോളജ് എന്നിവ അടച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ യു.സി കോളജ് അടച്ചത്. മൂന്ന് വിദ്യാർഥിനികൾക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പെൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് വിദ്യാർഥിനികൾക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതേതുടർന്നാണ് കോളജ് അടച്ചത്. പിന്നീട് മറ്റൊരു വിദ്യാർഥിനിക്കും പന്നിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു.
നിലവിൽ യു.സിയിൽ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. പന്നിപ്പനിയെ തുടർന്ന് ചൂണ്ടിയിലെ ഭാരതമാത കോളജുകൾ തിങ്കളാഴ്ചയാണ് അടച്ചത്. ലോ കോളജിലെ ഒരു വിദ്യാർഥിക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മുന്നു പെൺകുട്ടികൾക്ക് പന്നിപ്പനി ലക്ഷണങ്ങൾ ഉണ്ട്. തിങ്കളാഴ്ച രാവിലെയാണ് പന്നിപ്പനിയാണന്ന് സ്ഥിരീകരണം വന്നത്.

ഇതേതുടർന്ന് ലോ കോളജ് അടക്കുകയായിരുന്നു. കോളജുകളുടെ പരിസരത്ത് നിരവധി പി.ജി ഹോസ്റ്റലുകളുണ്ട്. അവിടെനിന്ന് പനി പടരാനുള്ള സാധ്യത കൂടുതലാണ്. പുറമെയുള്ള പല ഹോസ്റ്റലുകളിലും ലോ കോളജ്, ആർട്സ് കോളജ് വിദ്യാർഥികൾ ഒരുമിച്ചാണ് താമസിക്കുന്നത്. അതിനാൽതന്നെ മുൻകരുതലെന്ന നിലയിൽ ആർട്സ് കോളജും അടക്കുകയായിരുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ച് നിരവധി പേരാണ് നിത്യേന എത്തുന്നത്. ദിവസവും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നുണ്ട്.



