മൂവാറ്റുപുഴ: ജനവാസ കേന്ദ്രത്തിലെ അക്വഡക്ട് അപകടാവസ്ഥയിൽ. പായിപ്ര ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് മുളവൂരിലാണ് പെരിയാർ വാലി കനാലിന്റെ അക്വഡേറ്റ് കോൺക്രീറ്റുകൾ അടർന്ന് തുരുമ്പെടുത്ത കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത്.
മേതല-ആട്ടയം ബ്രാഞ്ച് കനാലിലെ വെസ്റ്റ് മുളവൂരിലാണ് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ഇത് സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച അക്വഡക്ടിന്റെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് പതിവായിരിക്കുകയാണ്.
പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പെരിയാർവാലി അധികൃതർ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും സിമന്റ് പാളികൾ അടർന്ന് അപകടാവസ്ഥയിലായിരിക്കുകയാണ്. വെസ്റ്റ് മുളവൂർ ജുമാമസ്ജിദ് റോഡിനു മുകളിലൂടെയാണ് ഇത് കടന്നു പോകുന്നത്.

മദ്രസ, സ്കൂൾ അടക്കം ദിനേന നൂറുകണക്കിനാളുകളും വിദ്യാർഥികളും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിന് മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പരാതിയെ തുടർന്ന് പെരിയാർ വാലി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി മടങ്ങുകയായിരുന്നു. അപകടം പതിയിരിക്കുന്ന അക്വഡക്ട് അധികൃതർ അവഗണിക്കുകയാണ്.
ഇത് വൻ ദുരന്തിന് ഇടയാക്കും. മഴക്കാലം ആരംഭിച്ചതോടെ പെരിയാർ വാലി കനാൽ ബണ്ട് റോഡുകളെല്ലാം തകർന്ന് തരിപ്പണമായി.



