ബുധനാഴ്ച സംസ്ഥാനത്ത് പെയ്ത മഴക്കണക്കിൽ ഒന്നാം സ്ഥാനം കണ്ണൂരിനും രണ്ടാം സ്ഥാനം കാസർകോടിനും. കണ്ണൂരിലെ ചെറുവഞ്ചേരിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്,164.5 മില്ലിമീറ്റർ (രാത്രി 11.15 വരെയുള്ള കണക്കനുസരിച്ച്). പെരിങ്ങമിൽ 146.5 മി.മീ മഴയും ലഭിച്ചു. കാസർകോട് പടന്നക്കാട്ടിൽ 143.5 മില്ലിമീറ്റർ മഴയാണ് പെയ്തത്.
വയനാട്ടിൽ പടിഞ്ഞാറത്തറ ഡാമിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 111.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കൽപറ്റയിൽ 93.5 മി.മീ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് വിളങ്ങാട് 77.5, എറണാകുളം ഇടമലയാർ ഡാമിൽ 76, തൃശൂർ അതിരപ്പിള്ളിയിൽ 73, മലപ്പുറം മുണ്ടേരിയിൽ 72, ഇടുക്കി ഉടുമ്പനൂരിൽ 59 മി.മീ മഴയും രേഖപ്പെടുത്തി.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ശനിയാഴ്ചവരെ കേരള തീരത്ത് മീന്‍പിടിത്തം വിലക്കിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജസ്ഥാനും ജാർഖണ്ഡിനും മുകളിൽ രണ്ട് ന്യൂനമർദങ്ങൾ തുടരുകയാണ്. വരും ദിവസങ്ങളിൽ ചൈനക്കടലിലും ബംഗാൾ ഉൾക്കടലിലും വീണ്ടും ചുഴലിക്കാറ്റ്/ചക്രവാതചുഴി രൂപപ്പെടുന്നതിനനുസരിച്ച് കാലവർഷം കേരളം ഉൾപ്പെടെയുള്ള പശ്ചിമ തീരത്ത് കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം നേരത്തെ അറിയിച്ചിരുന്നു.